NRI
ലൂയീസ്വിൽ (ഡാളസ്): നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കായിക മാമാങ്കങ്ങളിലൊന്നായ 36-ാമത് ജിമ്മി ജോർജ് മെമ്മോറിയൽ സൂപ്പർ ട്രോഫി വോളിബോൾ ടൂർണമെന്റിൽ വനിതാ വിഭാഗം കിരീടം ഡാളസ് സ്ട്രൈക്കേഴ്സ് സ്വന്തമാക്കി.
കാണികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ കാലിഫോർണിയ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയാണ് ഡാളസ് വനിതകൾ ചാമ്പ്യന്മാരായത്. വിട്ടുകൊടുക്കാതെ മികച്ച പോരാട്ടം കാഴ്ചവച്ച കാലിഫോർണിയ ബ്ലാസ്റ്റേഴ്സ് റണ്ണേഴ്സ് അപ്പ് ട്രോഫി നേടി.
മത്സരത്തിലുടനീളം ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും സമ്മർദഘട്ടങ്ങളെ അതിജീവിച്ച് മത്സരത്തിന്റെ നിർണായക നിമിഷങ്ങളിൽ കളി തങ്ങൾക്കനുകൂലമാക്കാൻ ഡാളസ് സ്ട്രൈക്കേഴ്സിന്റെ വനിതാ ടീമിന് സാധിച്ചു.
മിന്നൽ സ്മാഷുകളുമായി കോർട്ട് കീഴടക്കിയ ക്യാപ്റ്റൻ മിഷേൽ ഷമിന്റെ മികച്ച നീക്കങ്ങൾ ഡാളസ് സ്ട്രൈക്കേഴ്സിന് ഒടുവിൽ ഉജ്വല വിജയം സമ്മാനിച്ചു. ഫൈനലിലെ തകർപ്പൻ പ്രകടനത്തോടെ ടൂർണമെന്റിലെ "ബെസ്റ്റ് ഒഫൻസീവ് പ്ലെയർ' പുരസ്കാരത്തിന് മിഷേൽ അർഹയായി.
ടൂർണമെന്റിലുടനീളം ഡാളസ് ടീമിനായി മാന്ത്രിക പ്രകടനം പുറത്തെടുത്ത നീല, "മോസ്റ്റ് വാല്യുബിൾ പ്ലെയർ' ആയി തെരഞ്ഞെടുക്കപ്പെട്ടു.
NRI
ഡാളസ്: ഡാളസ് സ്ട്രൈക്കേഴ്സ് ആതിഥേയത്വം വഹിക്കുന്ന കേരള വോളിബോൾ ലീഗ് ഓഫ് നോർത്ത് അമേരിക്കയുടെ 36-ാമത് ജിമ്മി ജോർജ് മെമ്മോറിയൽ സൂപ്പർ ട്രോഫി വോളിബോൾ ടൂർണമെന്റിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
സുനിൽ വർഗീസിന്റെ നേതൃത്വത്തിലുള്ള ടൂർണമെന്റ് കമ്മിറ്റിയാണ് മേയ് 23, 24 തീയതികളിൽ ലൂയിസ്വിൽ സിറ്റിയിൽ അരങ്ങേറുന്ന ഈ വമ്പൻ കായികമേളയ്ക്ക് നേതൃത്വം നൽകുന്നത്.
ലൂയിസ്വിൽ സിറ്റി മേയർ ടി.ജെ. ഗിൽമോർ മുഖ്യാതിഥിയായി പങ്കെടുത്ത് ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങ് നിർവഹിക്കും. ഇന്ത്യൻ വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സഹതാരവും മുൻ ഇന്ത്യൻ അന്താരാഷ്ട്ര താരവുമായ അബ്ദുൾ റസാഖ് ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
ഓപ്പൺ കാറ്റഗറി, 40 അപ്പ് വിഭാഗം, അണ്ടർ 18, ഗേൾസ് വിഭാഗം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 22 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
ലൂയിസ്വില്ലിലെ മാക് സ്പോർട്സ് ( 'Mac Sports' 200 Continental Dr, Lewisville, TX 75067 ) ആണ് മത്സരവേദി. പ്രവാസി മലയാളികളുടെ കായിക ആവേശം വാനോളം ഉയർത്തുന്ന ഈ കായികമേള വോളിബോൾ പ്രേമികൾക്ക് ആവേശകരമായ മത്സരങ്ങൾ സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കായിക മാമാങ്കത്തിലേക്ക് എല്ലാ ആസ്വാദകരെയും ഡാളസ് സ്ട്രൈക്കേഴ്സ് ഭാരവാഹികൾ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
NRI
ഇർവിംഗ്: ഡാളസ് സ്ട്രൈക്കേഴ്സ് വോളിബോൾ ക്ലബിന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കുന്ന 36-ാമത് ജിമ്മി ജോർജ് നാഷണൽ വോളിബോൾ ടൂർണമെന്റിന് ഡാളസിൽ വേദിയൊരുങ്ങുന്നു. ടൂർണമെന്റിന്റെ ആവേശകരമായ കിക്കോഫ് ചടങ്ങ് ഇർവിംഗിൽ നടന്നു.
ഇരുന്നൂറിലധികം കായികപ്രേമികളുടെ സാന്നിധ്യം കൊണ്ട് ഗംഭീരമായ കിക്ക് ഓഫ് ചടങ്ങ് ഡാളസിലെ വോളിബോൾ ആവേശം വാനോളമുയർത്തിയ ആഘോഷമായി മാറി. റവ. ഫാ. ബിൻസ് ചേത്തലിൽ നിർവഹിച്ച പ്രാർഥനയോടെ ചടങ്ങുകൾക്ക് തുടക്കമായി.
NRI
വിയന്ന: ജര്‍മനിയിലെ കൊളോണില്‍ നടന്ന മാത്യു പത്താനിയില്‍ വോളിബാള്‍ ടൂര്‍ണമെന്റില്‍ മ്യൂണിക് സ്പൈക്കേഴ്സിന്റെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ച് ഐഎസ് സി വിയന്ന ടൈറ്റന്‍സ് ജേതാക്കളായി.
യൂറോപ്പില്‍ നിന്നുള്ള പത്തു ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിൽ കളിച്ച മത്സരങ്ങളിലെല്ലാം വിജയം നേടിയാണ് ഐഎസസി വിയന്ന ടൈറ്റന്‍സ് ഒന്നാമതെത്തിയത്.
NRI
കൊളോണ്‍: മാത്യു പാറ്റാനി മെമ്മോറിയല്‍ വോളിബോള്‍ ടൂർണമെന്റ് ശനിയാഴ്ച നടക്കും. കൊളോണ്‍ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായിരുന്ന മാത്യു എബ്രഹാം പാറ്റാനി കഴിഞ്ഞ 77 വര്‍ഷത്തില്‍ ജീവിതത്തിന്റെ സിംഹഭാഗവും അതായത് 49 വര്‍ഷവും ജര്‍മനിയിലായിരുന്നു.
സ്പോര്‍ട്സിനെയും സംഗീതത്തെ ഏറെ സ്നേഹിച്ചിരുന്ന പാറ്റാനി ഇക്കാലയളവില്‍ അദ്ദേഹത്തിന്റേതായ ഒരു നൂതന പരിപാടിതന്നെ രൂപപ്പെടുത്തിയാണ് ജര്‍മന്‍ മലയാളി മനസിൽ ചേക്കേറിയത്.
കലാകാരന്, സംഘാടകന്‍, കായിക സ്നേഹി, എഴുത്തുകാരന്, വാഗ്മി, അങ്ങനെ സമസ്തമേഖലയിലും തനതായ വ്യക്തി മുദ്രപതിപ്പിച്ച ആളെന്ന നിലയില്‍ അദ്ദേഹത്തിന്റെ സ്മരണ എക്കാലവും നിലനിര്‍ത്താന്‍ അദ്ദേഹവും ഒരുപറ്റം കായികപ്രേമികളും കൂടി ആരംഭിച്ച കൊളോണ്‍ ഇന്ത്യൻ വോളിബോള്‍ ക്ലബിന്റെ(ഇവിസി) ആഭിമുഖ്യത്തിലാണ് ടൂര്‍ണമെന്റ് നടത്തുന്നത്.
ദീര്‍ഘകാലം ക്ലബിന്റെ പ്രസിഡന്റ് എന്ന നിലയില്‍ ക്ലബിനെ ഏറ്റവും നല്ലനിലയില്‍ വളര്‍ത്തി വലുതാക്കുകയും നിരവധി അന്തര്‍ദേശീയ ടൂര്‍ണമെന്റുകള്‍ നടത്തിയും അന്തര്‍ദ്ദേശീയ ടൂര്‍ണമെന്റുകളിലെ മല്‍സരങ്ങളില്‍ ക്ലബിനെ നയിച്ച വ്യക്തികൂടിയാണ് മാത്യു പാറ്റാനി.
കൊളോണ്‍ പോര്‍സിലെ സിറ്റി ജിംനാസിയം സ്പോര്‍ട്ട് ഹാളിലാണ് (Dorotheenstr.1A,51145 Koeln) ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ ഒമ്പതിന് ടൂർണമെന്റിന്റെ ആദ്യവിസില്‍ മുഴങ്ങും.
യൂറോപ്യന്‍ തലത്തില്‍ നടത്തുന്ന ടൂർണമെന്റിൽ ജര്‍മനിയില്‍ നിന്ന് ആറു ടീമുകളും ഓസ്ട്രിയയില്‍ നിന്നും സ്വിറ്റ്സര്‍ലൻഡില്‍ നിന്നും എത്തുന്ന രണ്ടു ടീമുകളും ഉള്‍പ്പടെ ആകെ പത്തു ടീമുകൾ മാറ്റുരയ്ക്കും.
രാത്രി 8.30 ഓടെ ടൂർണമെന്റിലെ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും. ഇന്ത്യന്‍ ഡിന്നറോടുകൂടി പരിപാടികള്‍ സമാപിക്കും. ഇത് മൂന്നാം തവണയാണ് ഇന്ത്യൻ വോളിബോള്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഒരു മെമ്മോറിയല്‍ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ഇവിസിയെ കൂടാതെ കൊളോണ്‍ കേരളസമാജം, സെല്‍ഫ് ഹില്‍ഫെ ഫോര്‍ ഇന്ഡര്, കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ലബ്, ഇന്ത്യൻ കാത്തലിക് കമ്യൂണിറ്റി എന്നീ പ്രസ്ഥാനങ്ങളിലൊക്കെ സജീവ സാന്നിധ്യമായിരുന്നു മാത്യു എബ്രഹാം പാറ്റാനി. 2021 നവംബര്‍ 16നാണ് മാത്യു പാറ്റാനി അന്തരിച്ചത്.
ഇന്ത്യന്‍ വോളിബോള്‍ ക്ലബ് ജര്‍മനിയിലെ ആദ്യതലമുറയില്‍ നിന്നും ഇവിടുത്തെ രണ്ടാംതലമുറ ഏറ്റെടുത്ത് പുതിയ നേതൃത്വത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
സിനി തോട്ടക്കര പ്രസിഡന്റ്, ഡെസീന തോട്ടുങ്കല്‍ ജനറല്‍ സെക്രട്ടറി, ഡെന്‍സി പൊയ്കയില്‍ ട്രഷറര്‍, ഡാലിയ തോട്ടത്തില്‍ ട്രെയിനര്‍, ഡിനീഷ് ഗോപുരത്തിങ്കല്‍ പ്രോട്ടോക്കോള്‍, ജോയി മാണിക്കത്ത്, ഡേവീസ് വടക്കുംചേരി എന്നിവര്‍ സെക്രട്ടറിമാരുമാണ്.
ടൂർണമെന്റിലേക്ക് എല്ലാ കായിക പ്രേമികളെയും വോളിബോള്‍ ആസ്വാദകരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
NRI
ന്യൂയോർക്ക്: പതിനെട്ടാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് ഈ മാസം 24ന് ന്യൂയോർക്കിലെ ബെത്പേജ് മൾട്ടി സ്പോർട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഫോമ മെട്രോ റീജിയൺ ഭാരവാഹികൾ അറിയിച്ചു.
വോളിബോൾ ഇന്ത്യൻ മുൻ ദേശീയ താരം മാണി സി. കാപ്പൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, സംവിധായകനും നടനുമായ ജോണി ആന്റണി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. അമേരിക്കയിൽ നിന്നും കാനഡയിൽനിന്നുമായി 24 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും.
ട്രോഫികൾ കൂടാതെ എൻ.കെ. ലൂക്കോസ് ഫൗണ്ടേഷൻ നൽകുന്ന 5000 ഡോളറിന്റെ കാഷ് അവാർഡും വിജയികൾക്ക് ലഭിക്കുമെന്നും മെട്രോ റീജിയൺ ആർവിപി മാത്യു ജോഷ്വ പറഞ്ഞു. മൾട്ടി സ്പോർട് ഇൻഡോർ സ്റ്റേഡിയത്തിലെ അഞ്ചു കോർട്ടുകളിലായാണ് മത്സരങ്ങൾ.
ഓപ്പൺ പൂളിൽ 12 ടീമുകളും 18 വയസിൽ താഴെ ഉള്ളവരുടെ ആറു ടീമുകളും നാൽപ്പതിന് മുകളിൽ പ്രായമുള്ളവരുടെ ആറു ടീമുകളും മത്സരത്തിൽ മാറ്റുരയ്ക്കുമെന്നു ടൂർണമെന്റ് കോഓർഡിനേറ്റർ ബിഞ്ചു ജോൺ പറഞ്ഞു.
മത്സരങ്ങൾ രാവിലെ എട്ടിന് ആരംഭിക്കും. പ്രഫഷണൽ റഫറികൾ ആയിരിക്കും കളികൾ നിയന്ത്രിക്കുക. ട്രോഫികളും കാഷ് അവാർഡ് വിതരണവും 24ന് വൈകുന്നേരം ആറിന് എൽമോണ്ടിലെ സെന്റ് വിൻസെന്റ് ഡി പോൾ ഓഡിറ്റോറിയത്തിൽ നടക്കും.
എംഎൽഎമാരാണ് സമ്മാനദാനം നിർവഹിക്കുകയെന്ന് റീജിയണൽ സെക്രട്ടറി മാത്യു ജോഷ്വ(ബോബി) അറിയിച്ചു.